കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പുതുയുഗയാത്രയ്ക്കു കോട്ടയം ജില്ലയിലെ സ്വീകരണത്തിനിടയില്‍ പൊന്‍കുന്നത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി. ഉത്തരവാദികളായവര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കണം.
ഖജനാവില്‍ അഞ്ച് പൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തുന്നത്. ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍നിന്ന് 250 കോടി രൂപയാണ് എടുക്കാന്‍ പോകുന്നത്. സഹകരണ ബാങ്കുകളില്‍നിന്നു പതിനായിരം കോടിയാണ് എടുക്കുന്നത്. നികുതിപ്പണം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
കെ- റെയില്‍ ഒഴികെ എല്ലാ വികസന പദ്ധതികളുമായും പ്രതിപക്ഷം സഹകരിച്ചിട്ടുണ്ട്. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി വളരെ കൃത്യമാണ്. സുപ്രീംകോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സ്റ്റേ പിന്‍വലിപ്പിക്കും.
മധ്യകേരളത്തില്‍ അതിഗംഭീരമായ തിരിച്ചുവരവ് യുഡിഎഫിനുണ്ടാകുമെന്ന് സതീശന് പറഞ്ഞു. പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ച് വീതം സീറ്റുകളില്‍ വിജയിക്കും.
എറണാകുളത്ത് 14ല്‍ പതിനാലും വിജയിക്കും. 2014ല്‍ ശമ്പള കമ്മീഷനെ നിയമിക്കേണ്ടതായിരുന്നു. തിരിച്ചുവരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവയ്ക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നതെന്നും സതീശന് കൂട്ടിച്ചേർത്തു.